India - 2025
മദ്യനിരോധനം അട്ടിമറിക്കാനുള്ള നടപടി അപലപനീയം: ചങ്ങനാശ്ശേരി അതിരൂപത ജാഗ്രതാ സമിതി
സ്വന്തം ലേഖകന്‍ 17-03-2017 - Friday
ചങ്ങനാശേരി: മദ്യനിരോധനം ഏർപ്പെടുത്താനുള്ള മുൻ സർക്കാരിന്റെ തീരുമാനവും അതിനുവേണ്ടി സ്വീകരിച്ച നടപടികളും അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി ചങ്ങനാശേരി അതിരൂപതാ പബ്ലിക് റിലേഷൻസ് ജാഗ്രതാസമിതി. മദ്യ നിരോധനമല്ല, മദ്യവർജനമാണ് അഭിലഷണീയം എന്ന ഉത്തരവാദിത്വപ്പെട്ടവരുടെ നിലപാടുകൾ ആശങ്കാജനകമാണെന്നും മദ്യനിരോധനവും മദ്യവർജനവും ഒരുമിച്ചു കൊണ്ടുപോകണമെന്നും സമിതി ആവശ്യപ്പെട്ടു.
മദ്യനിരോധനം ലക്ഷ്യംവച്ചു ബാർ ലൈസൻസുകൾ പുതുക്കി നൽകാതെയും ഓരോവർഷവും പത്തു ശതമാനം വീതം ബിവറേജ് ഔട്ട്ലെറ്റുകൾ പൂട്ടാനുമുള്ള തീരുമാനം സർക്കാർ മാറ്റിമറിക്കാൻ ശ്രമിക്കുന്നത് മദ്യലോബികളുടെ സമ്മർദ്ധത്തിന് വഴങ്ങുന്നതാണെന്ന് സംശയകരമാണ്. സുപ്രീംകോടതി വിധി ദുർവ്യാഖ്യാനം ചെയ്ത് നിലവിലുള്ള ബിവറേജ് ഔട്ട്ലെറ്റുകൾ ജനവാസകേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള ശ്രമം അപലപനീയമാണെന്നും യോഗം നിരീക്ഷിച്ചു.
അതിരൂപതാ കേന്ദ്രത്തിൽ നടന്ന സമ്മേളനത്തിൽ പിആർഒ ജോജി ചിറയിൽ അധ്യക്ഷത വഹിച്ചു. സമിതി കോ-ഓർഡിനേറ്റർ ഫാ. ആന്റണി തലച്ചല്ലൂർ ഉദ്ഘാടനം ചെയ്തു. റവ.ഡോ. ജോബി മൂലയിൽ, റവ.ഡോ. വർഗീസ് താനമാവുങ്കൽ, പി. ജോസഫ്, ഡൊമിനിക് ജോസഫ്, ലിബിൻ കുര്യാക്കോസ് പ്രഫ. ജെ.സി. മാടപ്പാട്ട്, ഡോ. സോണി കണ്ടങ്കരി, കെ.വി. സെബാസ്റ്റ്യൻ, ജോബി പ്രാക്കുഴി, എന്നിവർ പ്രസംഗിച്ചു.